കഥ / തിരക്കഥ
മലയാളത്തിലിപ്പോൾ റിയലിസ്റ്റിക് സിനിമകളുടെ കാലമാണ്. പോലീസ് സ്റ്റേഷനെ ചുറ്റിപ്പറ്റിയും, കോളേജ് ക്യാമ്പസുകളെ ചുറ്റിപ്പറ്റിയുമൊക്കെ ഒരുപാട് സിനിമകൾ റിയലിസ്റ്റിക് കാറ്റഗറിയിൽ മലയാളത്തിൽ ഈ അടുത്ത് വന്നു കണ്ടു. ഇത്തരത്തിൽ ഒരു സബ് ജയിലും, അവിടെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് സ്വാതന്ത്ര്യം അർദ്ധ അർദ്ധരാത്രിയിൽ എന്ന സിനിമയുടെ ആധാരം. പല കാരണങ്ങളാൽ ജയിലിൽ എത്തപ്പെട്ട ജയിൽ പുള്ളികളെ ചുറ്റി പറ്റിയാണ് കഥ പുരോഗമിക്കുന്നത്. എന്നാൽ ആന്റണി വർഗീസ് വേഷമിട്ട ജോസഫ് വർഗീസ് എന്ന കഥാപാത്രത്തിന്റെ പിന്നണി കഥ മാത്രമേ ചിത്രത്തിൽ പരാമര്ശിക്കുന്നുള്ളൂ. മലയാള സിനിമയിൽ പതിവായി കണ്ട് വരുന്നതുപോലെ തന്റേതല്ലാത്ത അല്ലെങ്കിൽ ന്യായീകരിക്കാവുന്ന കാരണങ്ങളാൽ ജയിലിൽ എത്തപ്പെട്ട ജയിൽ പുള്ളികളെ മഹത്വത്കരിക്കുകയല്ല സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ എന്ന സിനിമ. മറിച്ച് ഒരു യഥാർത്ഥ ജയിൽ ജീവിതത്തെ വിട്ടുവീഴ്ചകളില്ലാതെ ആവിഷ്കരിക്കുകയാണ്.
ഏറെ വേറിട്ടു നിൽക്കുന്ന തിരക്കഥ എന്ന് പറയാനാകില്ല എങ്കിലും ദിലീപ് കുര്യൻ എന്ന കഥാകൃത്ത് വ്യത്യസ്തനാകുന്നത് ആവർത്തന വിരസതകളും, ക്ളീഷേ രംഗങ്ങളും ഇല്ലാത്ത ഒരു രംഗ വിവരണത്തിലൂടെയാണ്. അനാവശ്യമായ സീനുകളും ഡയലോഗുകളും ഒഴിവാക്കി സിനിമയുടെ ദൈർഖ്യം കുറയും തോറും ആകാംഷ ഏറി വരുന്ന തരത്തിലാണ് തിരക്കഥ.
സംവിധാനം / ഛായാഗ്രഹണം
ടിനു പാപ്പച്ചൻ, എന്ന പേര് സ്ക്രീനിൽ എഴുതികാണിക്കുമ്പോൾ യുവാക്കളുടെ കരഘോഷം മുഴങ്ങിയിരുന്നു. അതിന്റെ ത്രില്ല് സിനിമയുടെ അവസാനം വരെ നിലനിർത്താനായി എന്നതാണ് ഒരു സംവിധായകൻ എന്ന നിലയിൽ അയാളുടെ വിജയം. ഒരു നവാഗത സംവിധായകന് മലയാള സിനിമയിൽ ലഭിക്കാവുന്ന മികച്ച വരവേൽപ്പ് തന്നെയാണ് ടിനു പാപ്പച്ചനും ലഭിച്ചിരിക്കുന്നത്. വളരെയേറെ അനുഭവ സമ്പത്തുള്ള ഒരു ഛായാഗ്രാഹകനെ നന്നായി ഉപയോഗിക്കാൻ സാധിച്ചു. ഓരോ സീനുകളും യാതൊരു ലാഗുമില്ലാതെ കണ്ടിരിക്കാം. ജയിലിനുള്ളിലെ സീനുകൾ ഇത്രയ്ക്കു റിയലിസ്റ്റിക്കായി ഒരുക്കാൻ സാധിച്ചത് കാണുമ്പോൾ സംവിധായകൻ ഇതിനു മുൻപ് ജയിലിൽ കിടന്നിട്ടുണ്ടോ എന്ന് പ്രേക്ഷകന് സംശയം തോന്നിയാൽ കുറ്റം പറയാനാകില്ല. കാരണം പിഴവുകൾ വരുത്താതെ വളരെ ശ്രദ്ധയോടെയാണ് ഓരോ രംഗങ്ങളും ഒരുക്കിയിരിക്കുന്നത്. സംവിധാനത്തിനൊപ്പം ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണത്തിന്റെ മികവിനെ പറ്റിയായിരുന്നു സിനിമ കഴിഞ്ഞു ഇറങ്ങിയ ശേഷം ഒട്ടുമിക്ക പ്രേക്ഷകരുടെയും സംസാരം.
അഭിനേതാക്കളുടെ പ്രകടനം
സാധാരണ നിരൂപണം എഴുതുമ്പോൾ പറയുന്നത് പോലെ തരക്കേടില്ലാത്ത പ്രകടനം എന്ന് പറയാൻ ഈ സിനിമയിൽ ആരുമില്ല. കാരണം ഇതിലെ ഓരോ നടനും അത്രയ്ക്കും മികച്ച പ്രകടനമായിരുന്നു. ആന്റണി വർഗീസ് സ്വാഭാവിക പ്രകടനം കൊണ്ട് കയ്യടി നേടി ഒപ്പം ആക്ഷൻ രംഗങ്ങളിലും മറ്റുള്ളവരെക്കാൾ മികച്ചു നിന്നു. വിനായകൻ പതിവ് പോലെ തന്നെ തന്റെ റോൾ ഗംഭീരമാക്കി, മലയാളിക്ക് പ്രത്യേകിച്ച് യുവാക്കൾക്ക് വിനായകനോടുള്ള താൽപ്പര്യം തിയേറ്ററിൽ ഉച്ചത്തിലുള്ള കയ്യടികളായി തിയേറ്ററിൽ നിറഞ്ഞു നിന്നു. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ചെമ്പൻ വിനോദ് ജോസും പതിവ് തുടർന്നു. അല്ലറ ചില്ലറ മോഷണങ്ങളുടെ പേരിൽ ജയിലിൽ എത്തപ്പെട്ടയാളുടെ വേഷമായതുകൊണ്ട് തന്നെ ഇത്തവണ അത്ര ദേഷ്യക്കാരനല്ല പുള്ളി. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ‘യു ക്ലാംബ് രാജൻ’…. ഈ മച്ചാന്റെ ആടാറു പെർഫോമൻസ്, ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട സവിശേഷതകളിലൊന്നാണ്. ജയിലിൽ ഓഫീസറായ പോലീസുകാരുടെ പ്രകടനങ്ങളും, ഇരട്ട വേഷത്തിലെത്തിയ പുതുമുഖങ്ങളുമൊക്കെ കൊള്ളാം. മലയാളത്തിനു തന്റേടമുള്ള സ്ത്രീ കഥാപാത്രങ്ങൾ ചെയ്യാൻ പോന്ന ഒരു നായികയെ കൂടി ഈ ചിത്രത്തിലൂടെ കിട്ടിയിട്ടുണ്ട്. അശ്വതി മനോഹരൻ ഈ ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എങ്കിലും അഭിനയ മികവ് പുറത്തെടുക്കാൻ വേണ്ടത്ര രംഗങ്ങൾ അശ്വതിക്ക് ലഭിച്ചിട്ടില്ല.
മറ്റു ടെക്നിക്കൽ വിഭാഗം
ഗാനവും, പശ്ചാത്തല സംഗീതവുമൊക്ക കഥയോടും സന്ദർഭങ്ങളോടും നീതിപുലർത്തി. കലാ സംവിധാനം മികവാർന്നതായിരുന്നു.
നിഗമനം
മികച്ചു നിൽക്കുന്ന ആദ്യ പകുതിയും, ത്രില്ലിംഗ് ആയ രണ്ടാം പകുതിയും സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ എന്ന ചിത്രത്തെ പ്രേക്ഷകന് പ്രിയപ്പെട്ടതാക്കുന്നു. രണ്ടാം പകുതിയിൽ ഊഹിക്കാവുന്ന കഥാഗതയാണെങ്കിലും സസ്പെൻസുകളും ത്രില്ലിംഗായ രംഗങ്ങളും ഓരോ നിമിഷവും മുഷിച്ചിലില്ലാതെ കണ്ടിരിക്കാവുന്ന ചിത്രമാക്കി മാറ്റുന്നു. ധൈര്യമായി ടിക്കറ്റെടുക്കാം… ഈ വർഷത്തെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഒരു ചിത്രം കൂടി.
കാഴ്ചയ്ക്കുമപ്പുറമുള്ള സിനിമ അനുഭവം
സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ – നിരൂപണം
അഖിൽ വിഷ്ണു വി എസ്