പ്രിത്വിരാജും മോഹൻലാലും ഒന്നിക്കുന്നു. തിരക്കഥ ഒരുക്കുന്നത് മുരളി ഗോപി. നിർമ്മാണം ആന്റണി പെരുമ്പാവൂർ. ഈ വാർത്ത പുറത്തുവന്നപ്പോൾ മലയാള സിനിമാ പ്രേക്ഷകരും ലാലേട്ടൻ ഫാൻസും പ്രതീക്ഷിച്ചിരുന്നതെന്താണോ അതിന്റെ നൂറിരട്ടി തിരിച്ചുതന്ന ചിത്രം. അതാണ് ലൂസിഫർ !!
കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയത്തെക്കുറിച്ചും, ഒരുപാട് പഴി കേൾപ്പിക്കുന്ന മക്കൾ രാഷ്ട്രീയത്തെക്കുറിച്ചും ക്യാൻസർ പോലെ പടരുന്ന മയക്കുമരുന്ന് മാഫിയകളെക്കുറിച്ചുമെല്ലാം ഇതിലും നന്നായി അവതരിപ്പിക്കാൻ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല, സാധിക്കില്ല.
മുരളി ഗോപിയുടെ ശക്തമായ തിരക്കഥ, കരുത്തുറ്റ കഥാപാത്ര രൂപവത്കരണം, കിടിലൻ മേക്കിങ്, മലയാളികൾ സ്നേഹിക്കുന്ന കാണാൻ ആഗ്രഹിക്കുന്ന ആ ലാലേട്ടന്റെ തിരിച്ചുവരവ്. ഈ നാലു കാര്യങ്ങളാണ് ചിത്രത്തിലെ പ്രധാന പോസിറ്റീവ് ഘടകങ്ങളായി തോന്നിയത്.
ടോവിനോ, ഷാജോൺ,മഞ്ജു വാര്യർ തുടങ്ങിയവരുടെ കഥാപാത്രങ്ങൾക്കെല്ലാം കുറച്ചു സീനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പോലും അവരവരുടെ വേഷങ്ങൾ അവർ ഗംഭീരമാക്കി. അവരുടെ കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന വേഷങ്ങളുമാണവ.
വിവേക് ഒബ്രോയ്, നല്ല ഒരഭിനേതാവാണെന്ന് അറിയാമായിരുന്നു. പക്ഷെ അടുത്ത കാലത്ത് അദ്ദേഹം ചെയ്ത വേഷങ്ങൾ കണ്ടപ്പോൾ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഞെട്ടിച്ചു കളഞ്ഞു. പുഞ്ചിരിക്കുന്ന വില്ലന്മാരുടെ കൂട്ടത്തിലേക്ക് ഒരാൾ കൂടി. അദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്ത വിനീതിനെയും അഭിനന്ദിക്കാതെ വയ്യ.
എല്ലാത്തിനുമുപരി ഇതൊരു മോഹൻലാൽ സിനിമയാണ്. മോഹൻലാൽ എന്ന അഭിനേതാവും മോഹൻലാൽ എന്ന നടനും പൂന്തുവിളയാടിയ ചിത്രം. ഒതുക്കമുള്ള ശരീരഭാഷ കൊണ്ടും തുല്യം വെക്കാനാകാത്ത തന്റെ അഭിനയപാടവം കൊണ്ടും സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തിന് അദ്ദേഹം ജീവൻ നൽകി. പഴയ ലാലേട്ടനെ തിരിച്ചുകിട്ടിയ സന്തോഷമാണ് എല്ലാവർക്കും. സിനിമ തിയ്യേറ്ററിൽ നിന്ന് കാണാൻ സാധിക്കാത്തവർക്ക് ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്